കെ.എസ്.ഇ.ബി. യിലെ നിയമന നിരോധനം നീങ്ങുന്നു, സബ് എൻജിനിയർ ,അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ് അടക്കം 682 ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപോർട്ട് ചെയ്യും. കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതു വരെ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം നിയമനനിരോധനത്തിനു തുല്യമാണെന്ന് ആരോപണമുയർന്നിരുന്നു.
കമ്പ്യൂട്ടർവത്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി ജീവനക്കാരുടെ എണ്ണവും ചെലവും കുറയ്ക്കാനും അധികമായി കണ്ടെത്തുന്നവരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മൂന്ന് വർഷം മുമ്പ് തുടക്കമിട്ട ബോർഡ് പുനഃസംഘടനാ നടപടികളുടെ ഭാഗമായിരുന്നു പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം.
നേരത്തെ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതിൽ കൂടുതലായിരുന്നു ജീവനക്കാരെങ്കിൽ ഇപ്പോൾ കുറവാണ്. 30,321 ജീവനക്കാരുടെ ശമ്പളച്ചെലവിന് റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ 26,822 ജീവനക്കാരെയുള്ളൂ. ഇതുപ്രകാരമുള്ള 3,499 ഒഴിവുകൾക്കൊപ്പം ഈ വർഷം വിരമിക്കുന്ന 3,000ത്തോളം പേരുടെ ഒഴിവുകൾ ഉൾപ്പെടെ ഏഴായിരത്തോളം അവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക