തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചർച്ച നടത്തിയത്.സംസ്ഥാനത്തെ റോഡുകളിൽ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും.
മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗം, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായി പരിശോധന നടത്തും
സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. എ ഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ എഐ കാമറകള്‍ സ്ഥാപിക്കും
