വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു.
പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. കൈകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.