കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്‌റ്റേജില്‍നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു. എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് പതിച്ചു. കോണ്‍ക്രീറ്റ് ഭിത്തിയില്‍ തലയിടിച്ച് വീണ ഉമാ തോമസിന്റെ മുഖത്ത് മുഴുവന്‍ രക്തമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ എംഎല്‍എ.യെ വേഗത്തില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോൾ പറയാനാകില്ല എന്നും എംഎൽഎയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും ഡോക്ടർമാരുടെ സംഘം പറഞ്ഞു.