ഫോർട്ട്കൊച്ചി∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചതിനെ തുടർന്ന് ജനുവരി ഒന്നു വരെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൊച്ചിൻ കാർണിവൽ പരിപാടികൾ റദ്ദാക്കി. ഫോർട്ട്കൊച്ചി സബ് കലക്ടർ ചെയർമാനായ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ 31ന് രാത്രി കത്തിക്കില്ല.
ജനുവരി ഒന്നിന് നടത്തേണ്ട കാർണിവൽ റാലി 2ന് നടത്തുന്ന കാര്യം ആലോചിക്കുന്നതിന് കാർണിവൽ കമ്മിറ്റി ഭാരവാഹികൾ ഇന്നു കലക്ടറെ കാണും. ദു:ഖാചരണം തീർന്ന ശേഷം തുടർന്നുള്ള ദിവസങ്ങളിൽ കലാപരിപാടികൾ നടത്തും. കാർണിവൽ കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്.
അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.