മണർകാട് (കോട്ടയം ) : കഴിഞ്ഞ അൻപത് വർഷമായി സഭ അംഗമായ കുടുംബത്തിലെ യുവാവിന്റെ വിവാഹചടങ്ങുകൾ നടത്തി നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം വാക്ക് മാറ്റി വഞ്ചിച്ചുവെന്ന് ആരോപിച്ച് സെവന്ത് ഡേ സഭയ്ക്ക് എതിരെ സമരവുമായി ദളിത് കുടുംബം. കോട്ടയം മണർകാട് സ്വദേശിയായ എം ജെ ജയരാജനും കുടുംബവുമാണ് മണർകാടുള്ള സഭയ്ക്ക് മുൻപിൽ ധർണ്ണ സമരം നടത്തിയത്. ധർണ്ണ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അൻപത് വർഷമായി സഭ അംഗമാണ് ജയരാജനും കുടുംബവും. മുൻപ് സഭയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്കും നിയമവിരുദ്ധമായ തിരഞ്ഞെടുപ്പിനും എതിരെ പ്രതികരിച്ചതിനാലാണ് സഭ വിവാഹം ചടങ്ങുകൾ നടത്തി നൽകില്ലെന്ന് ഇപ്പോൾ പറയുന്നതെന്നും ജയരാജനും കുടുംബവും ആരോപിച്ചു.
സഭയ്ക്ക് ഉള്ളിൽ ദളിത് ക്രൈസ്തവർ വിവേചനങ്ങൾ നേരിടുകയാണെന്നും സംഭവത്തിൽ പരിഹാരം ഉണ്ടാവാത്ത പക്ഷം സഭാ ആസ്‌ഥാനതിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും സി എസ് ഡി എസ് സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ടി പി രവീന്ദ്രൻ, ആഷ്‌ലി ബാബു, സി എസ് ഡി എസ് മണർകാട് പഞ്ചായത്ത് സെക്രട്ടറി കുഞ്ഞച്ചൻ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു