പി ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നു രാവിലെ എട്ടിന് പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12.30 വരെ സംഗീത നാടക അക്കാഡമിയിൽ പൊതുദർശനമുണ്ടാകും. നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും. എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിന് രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനനം.
കൊച്ചിയിലാണ് ജനനമെങ്കിലും ജയചന്ദ്രന്റെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ കുടുംബം തൃശൂർ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയിരുന്നു. ഇരിങ്ങാലക്കുടയിലാണ് ജയചന്ദ്രൻ പഠിച്ചതും വളർന്നതും എല്ലാം. ഇരിങ്ങാലക്കുട ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രന്റെ ബിരുദം ക്രൈസ്റ്റ് കോളേജിലായിരുന്നു. സുവോളജിയായിരുന്നു വിഷയം.
1958ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.1965ൽ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിലെ പി ഭാസ്കരൻ രചിച്ച ‘ഒരു മുല്ലപ്പൂമാലയുമായ്’ ഗാനമാലപിച്ചാണ് ജയചന്ദ്രൻ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ ജയചന്ദ്രൻ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.