തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർമാർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അർജന്റീന ടീമിന് നൽകേണ്ടി വരിക. ഇതിൽ 77 കോടി രൂപ അഡ്വാൻസായി നൽകണം. ഇതിൽ സ്പോൺസർമാർ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. ഈ പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അർജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
