മലപ്പുറം: പി.വി.അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും . രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാൻ അൻവർ ആലോചിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താന്‍ ഏറ്റെടുത്തതെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്. നിയമപരമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിയമവിദഗ്ധരുമായി കൂടി ആലോചിച്ച് ശേഷമേ തീരുമാനം എടുക്കു എന്നുമായിരുന്നു പറഞ്ഞത്.
എന്നാല്‍ അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതേടെ അന്‍വറിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച് സ്പീക്കര്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കും എന്നു മണത്തറിഞ്ഞ സാഹചര്യത്തിലാണ് രാജി തീരുമാനം.
രാജിവച്ച ശേഷം നിലമ്പൂരിൽ വീണ്ടും മത്സരിക്കുമ്പോൾ അടി തെറ്റിയാൽ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നൽകിയതായാണ് സൂചന. 4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ അടക്കം പരിഗണിച്ചേക്കും.