മകരവിളക്ക് ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. നിലയ്ക്കലിൽ രാവിലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർഥാടനത്തിനുമായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് ദേവസ്വം ബോർഡ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.
ന്നര ലക്ഷത്തോളം ഭക്തരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5:30ന് ശരംകുത്തിയിൽ എത്തിച്ചേരും. തുടർന്ന് ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരണം നൽകും. 6:30ന് കൊടിമരച്ചുവട്ടിൽ എത്തുന്ന ഘോഷയാത്രയെ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന വകുപ്പ് മന്ത്രി പികെ ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിക്കും. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് ഭഗവാന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.
19ന് രാത്രി ഹരിവരാസനം പാടി നടയടയ്‌ക്കുംവരെ തീർഥാടകർക്ക് ദർശനസൗകര്യമുണ്ട്. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും.