ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചെന്ന് ഖത്തർ. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ. ജനുവരി 19 മുതൽ കരാർ നിലവിൽ വരും. ഓരോ ഘട്ടത്തിനുമിടയിൽ 42 ദിവസങ്ങളുടെ ഇടവേളയാണ് നിർണയിച്ചിട്ടുള്ളത്
മധ്യസ്ത രാജ്യമായ ഖത്തറാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ കരാറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിൻ്റെ പ്രഖ്യാപനം. പതിനഞ്ച് മാസം നീണ്ടു നിന്ന വംശഹത്യക്കാണ് ഇതോടെ അന്ത്യമാകുന്നത്.
ഇസ്റാഈൽ സൈന്യത്തിന്റെ പൂർണ പിൻമാറ്റം, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ തിരിച്ചുവരവ്, യുദ്ധത്തിന് സ്ഥിരമായ അവസാനം എന്നിവ ഉൾപ്പെടെ ഹമസാന്റ എല്ലാ ഉപാധികളും ഖത്തരി തലസ്ഥാനമായ ദോഹയിൽ ഒപ്പുവെച്ച കരാറിൽ അംഗീകരിച്ചിട്ടുണ്ടെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസ്സത്ത് അൽ-രിഷെഖ് പറഞ്ഞു. ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നതിനുള്ള കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സഹായം നൽകിയതിന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും നന്ദി പറഞ്ഞു.