ന്യൂഡല്‍ഹി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് വിമര്‍ശിച്ച കോടതി തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും ചോദിച്ചു.
പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഇന്നു പരിഗണിച്ചത്. പരാതികളില്ലാതെ കേസെടുത്തത് എന്തിനെന്നും ഇതു വിചിത്രമാണെന്നും സുപ്രീം കോടതി വാക്കാൽ പറഞ്ഞു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സർക്കാരും വനിതാ കമ്മിഷനും ശക്തമായി എതിർത്തു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജിമോൻ പാറയിലന്റെ ഹർജി തള്ളണമെന്ന് വനിത കമ്മിഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണം നടക്കുന്നതന്നും വനിത കമ്മിഷൻ വാദിച്ചു.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നാണ് നിരീക്ഷിച്ചത്. എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമ നിർമ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിൽ വാദിച്ചു. എന്നാൽ സജിമോന് പിന്നിൽ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്നായിരുന്നു ഡബ്ല്യുസിസിയുടെ വാദം.