ജിത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു. നടൻ മോഹൻലാൽ ആണ് ദൃശ്യം 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് മോഹൻലാലിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഈ മൂന്നാം ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്.
