കൊച്ചി : അനേകം പാവപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ധിഷണാശാലിയാണ് ബി.ആർ. അംബേദ്കർ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിൽ, നിയമങ്ങൾ, സാമ്പത്തിക ശാസ്ത്രം, സാമൂഹിക പരിഷ്കരണം ഉൾപ്പെടെ നിരവധി മേഖലകളിൽ പരിഷ്കാരങ്ങൾ വരുത്തി ലോകത്തിന് മാതൃകകൾ സംഭാവന ചെയ്ത വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ ഭാരതരത്നം എന്നതിലുപരി വിശ്വരത്നം എന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് ഗവർണർ പറഞ്ഞു. ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഡിക്കി) കൊച്ചിയിൽ സംഘടിപ്പിച്ച അംബേദ്കറുടെ 135-ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംബേദ്കറുടെ ഛായാചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തി. തുടർന്ന് ഡിക്കിയുടെ ഇരുപതാമത് ഫൗണ്ടേഷൻ ഡേയും ഉദ്ഘാടനം ചെയ്തു. ഡിക്കിയുടെ ഫൗണ്ടറും ചെയർമാനുമായ ഡോ. മിലിന്ദ് കാംബ്ളേ അധ്യക്ഷനായി.
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ, നാഷണൽ പ്രസിഡന്റ് രവികുമാർ നാര, ഡിക്കി സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സുധീർ എന്നിവർ സംസാരിച്ചു. വ്യത്യസ്ത വ്യവസായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദളിത് സംരംഭകരെ ഗവർണർ ആദരിച്ചു.
തൃശ്ശൂർ പോലീസ് അക്കാദമി ഐജി കെ. സേതുരാമൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് മുൻ ഡയറക്ടർ എൻ.വി. സുരേഷ്ബാബു, നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ കൊച്ചി ബ്രാഞ്ച് മാനേജർ ഗ്രേസ് റെജി, എഴുത്തുകാരി ലത കോലോത്ത്, സെൻട്രൽ ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണർ ടി.പി. സലിംകുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
