ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.
പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ബിഹാര്‍ പോലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറില്‍ നിന്നാണ് ഈക്കാര്യം വ്യക്തമായത്. വിവാദം പുകയുന്നതിനിടെ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. മുന്‍കരുതല്‍ നടപടിയെന്നാണ് വിശദീകരണം. പുതിയ തിയതി പിന്നീട് അറിയിക്കും.