മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം വിരൽ ചൂണ്ടുന്നത് നിവിൻ പോളിയിലേക്കെന്നു സൂചന. ലിസ്റ്റിൻ സ്റ്റീഫനും, അദ്ദേഹം നിർമിക്കുന്ന ‘ബേബി ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് ആരോപണം നിവിൻ പോളിക്ക് നേരെ നീണ്ടത്. നിവിൻ നായകനായ ‘ബേബി ഗേളി’ന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.
കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നിവിൻ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.
