ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിലൂടെ ഇന്ത്യ 12 ഭീകരരെ വധിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെ കര–വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. നീതി നടപ്പാക്കി എന്ന വാക്കുകളോടെയായിരുന്നു സെെന്യം ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
മുസഫറാബാദിലെ രണ്ട് കേന്ദ്രങ്ങള്‍, ബഹാവല്‍പൂര്‍, കൊട്ലി, ഛാക് അമ്രു, ഗുല്‍പൂര്‍, ബിംബര്‍, മുരിഡ്കെ, സിയാല്‍കോട്ട് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
