അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ് തുക നൽകാൻ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗതനിയമം ലംഘിക്കൽ തുടങ്ങി ഡ്രൈവറുടെ തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാകില്ല.
ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ പിഴവുകൊണ്ടുമാത്രമാണ് അപകടമെങ്കിൽ നഷ്‌ടപരിഹാരത്തിന് അർഹതയില്ലന്ന് ഉത്തരവിൽ പറയുന്നു.
2014ൽ വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശിയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. ഫിയറ്റ് കാർ അമിതവേഗത്തില്‍ ഓടിച്ചതാണ് അപകടകാരണമെന്ന് എഫ്‌ഐആറിൽ പറയുന്നു. 80 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്പനിയും മോട്ടോര്‍വാഹന നഷ്‌ടപരിഹാര ട്രിബ്യൂണലും ഹൈക്കോടതിയും നിരാകരിച്ചതോടെയാണ് കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്
