വൈപ്പിൻ: ഞാറക്കൽ മാരത്തറ സാജുവിന്റെ മകൻ പത്താംക്ലാസ് വിദ്യാർഥി ആദിത്യ(16)നെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ സംഭവത്തിൽ നീതിതേടി പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി.
പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പില്‍ കേസെടുത്ത് സ്‌റ്റേഷൻജാമ്യം നൽകിയതിൽ പ്രതിഷേധിച്ചാണ് എവിപിവി സഭയുടെ നേതൃത്വത്തിൽ വിവിധ പട്ടികജാതി, പട്ടികവർഗ സംഘടനകൾ ഞാറക്കൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു. നായരമ്പലം എവിപിവി സഭാങ്കണത്തിൽ സെക്രട്ടറി പി കെ ബേബി മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സഭാ പ്രസിഡന്റ് എം എ കുമാരൻ അധ്യക്ഷനായി. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി, പട്ടികജാതി–-പട്ടികവർഗ സംരക്ഷണ മുന്നണി സംസ്ഥാന ചീഫ് കോ–-ഓര്‍ഡിനേറ്റർ വി എസ് രാധാകൃഷ്ണൻ, എസ്‌സി/എസ്‌ടി സംയുക്തവേദി കോ–-ഓര്‍ഡിനേറ്റർ സുനിൽ ഞാറക്കൽ എന്നിവർ സംസാരിച്ചു.
