ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിരാസിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.
അതേസമയം, പോക്‌സോ നിയമത്തിലെ വ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരസ്‌പര സമ്മതത്തോടെ ബന്ധത്തിലേർപ്പെടുന്ന ആൺകുട്ടിക്കെതിരെ പോക്‌സോ ചുമത്തുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിലാണ് അമിക്കസ് ക്യൂറിയും കേന്ദ്രവും നിലപാടറിയിച്ചത്.
