കൊച്ചി: റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചി ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്. ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസിൽ യുവ ഡോക്ടർ നൽകിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതൽ രണ്ടു വർഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. വിവിധ ആവശ്യങ്ങൾക്കായി 31,000 രൂപ വേടന് നൽകിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രാഥമികാന്വേഷണങ്ങൾക്കു ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിലും പുലിനഖക്കേസിൽ വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പർ വേടൻ വീണ്ടും വിവാദത്തിൽ അകപ്പെടുന്നത്.
2021ലാണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. വേടന്റെ പാട്ടുകളും മറ്റും ഇഷ്ടപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടെന്നും തുടർന്ന് ഫോൺ നമ്പർ കൈമാറി എന്നും പരാതിയിൽ പറയുന്നു. പിന്നീടൊരിക്കൽ വേടന് കോഴിക്കോട് വന്ന് തന്നെ കാണുകയും താൻ വാടകയ്ക്കെടുത്തിരിക്കുന്ന ഫ്ലാറ്റിൽ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടൻ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം വേടൻ സൂചിപ്പിച്ചിരുന്നു. തനിക്ക് കൊച്ചിയിൽ ജോലി കിട്ടി എത്തിയപ്പോൾ താമസിച്ചിടത്തും വേടന് എത്തിയിരുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാഹക്കാര്യങ്ങൾ ഈ ഘട്ടത്തിൽ സംസാരിച്ചതായാണ് യുവതി പറയുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ വച്ചും പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. ലഹരി ഉപയോഗിച്ചും വേടൻ തന്നെ ബലാത്സംഗം ചെയ്തിട്ടുള്ളതായി പരാതിയിൽ പറയുന്നു.
