തൃശൂർ: തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കലുങ്ക് സംവാദം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. തൃശൂരിലെ മൂന്ന് ജില്ലാകമ്മിറ്റികളും ഇതുസംബന്ധിച്ചുള്ള കടുത്ത ആശങ്ക സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംവാദത്തിൽ സുരേഷ് ഗോപി നടത്തുന്ന രാഷ്ട്രീയ പക്വതയും വിവേകവും ഇല്ലാത്ത മറുപടികളും ഇടപെടലുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഭയക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചായ് പേയ് ചർച്ചയുടെ മാതൃകയിലാണ് കലുങ്ക് ചർച്ച പ്ലാൻചെയ്തത്. ഓരോപ്രദേശത്തെയും ജനങ്ങളെ സംഘടിപ്പിച്ച് അവിടത്തെ പൊതുപ്രശ്നത്തിൽ ഇടപെട്ട് അതിന് പരിഹാരമുണ്ടാക്കുകയും അങ്ങനെ ജനങ്ങളുടെ ഇടയിൽ പാർട്ടിക്ക് പരമാവധി വോരോട്ടമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. മണ്ഡലത്തിലെ പാർട്ടി കേന്ദ്രങ്ങൾ ഇരുകൈയും നീട്ടി ഇതിനെ സ്വീകരിക്കുകയും ചെയ്തു. പ്രാദേശിക കമ്മറ്റികൾക്കായിരുന്നു സംവാദത്തിൽ ജനങ്ങളെ എത്തിക്കേണ്ട ചുമതല. അവർ അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
പക്ഷേ, തുടക്കത്തിൽത്തന്നെ സംവാദം കല്ലുകടിയായി. ചേർപ്പിൽ നടത്തിയ സംവാദത്തിൽ വീടിന് അപേക്ഷയുമായി ഒത്തിരി പ്രതീക്ഷയോടെ എത്തിയ വയാേധികന്റെ അപേക്ഷ വാങ്ങാൻപോലും സുരേഷ് ഗോപി തയ്യാറായില്ല. ഇത് കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്. വീണുകിട്ടിയ അവസരം മുതെലടുത്ത സിപിഎം വയോധികന് വീടുനിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സംവാദം നടത്തിയത് ബിജെപിയും നേട്ടം കൊയ്തത് സിപിഎമ്മാണെന്നും ബിജെപിക്കാർക്കിടയിൽ തന്നെ സംസാരമുണ്ടായി.
ചേർപ്പിൽ സംഭവിച്ചതിൽ വിശദീകരണവുമായി സുരേഷ് ഗോപി എത്തിയതോടെ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് എല്ലാവരും കരുതി. പക്ഷേ, അത് അസ്ഥാനത്തായിരുന്നു. കഴിഞ്ഞദിവസം നടന്ന ഇരിങ്ങാലക്കുടയിലെ സംവാദത്തിൽ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാൻ സഹായിക്കണമെന്ന അപേക്ഷയുമായെത്തിയ വയോധികയെ ആക്ഷേപിക്കുന്ന രീതിയിലായിരുന്നു സുരേഷ് ഗോപി പെരുമാറിയത്. ഇത് മാദ്ധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഇതോടെയാണ് കലുങ്ക് സംവാദം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന രീതിയിൽ പാർട്ടികേന്ദ്രങ്ങളിൽ അഭിപ്രായമുയർന്നതെന്നാണ് റിപ്പോർട്ട്.
