പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ ഡിപോസിറ്റ് തുക ഈടാക്കുന്ന ബവ്കോയുടെ പരീക്ഷണം അവസാനിപ്പിച്ചേക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്നുള്ള പ്രതിഷേധവും മതിയായ രീതിയില്‍ ഇടപെടാന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സാഹചര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പരീക്ഷണം തുടങ്ങിയ ഔട്ട് ലൈറ്റുകളില്‍ വില്‍പന കുറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശം ബവ്കോ എം.ഡി സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൈമാറും.
പരീക്ഷണം തുടങ്ങിയ ബവ്കോ ഷോപ്പുകളില്‍ വില്‍പ്പന കുറഞ്ഞതും സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ വില്‍പ്പന കുത്തനെ കൂടിയതും ബവ്കോയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇരുപത് രൂപ മൂല്യം തെളിയിക്കുന്ന കൂടുതല്‍ ലേബല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം സി–ഡിറ്റിന് നല്‍കി. ഹരിതകര്‍മസനേയെ ചുമതലപ്പെടുത്തി കുപ്പി ശേഖരിക്കുക.
സര്‍ക്കാരിന്‍റെ ജവാന്‍ മദ്യം ഉള്‍പ്പെടെ ചില്ല് കുപ്പിയിലാക്കി വിപണിയിലിറക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ക്കാവും മുന്‍ഗണന.
