ചണ്ഡിഗഡ്∙ സിപിഐയുടെ ജനറൽ സെക്രട്ടറി പദത്തിൽ ഡി.രാജ തുടരും. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കുമാത്രം ഇളവ് അനുവദിച്ചു. പ്രായപരിധിയിൽ രാജയ്ക്ക് ഒരു തവണകൂടി അവസരം നൽകണമെന്ന് ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. ഐകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു.
അതെ സമയം പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് വിമർശനം.
എതിർപ്പുകൾക്കിടയിലും അതേസമയം തമിഴ്നാട്, കർണ്ണാട ബിഹാർ, ബംഗാൾ, ഘടകകങ്ങൾ ഡി.രാജയ്ക്കൊപ്പമാണ്.ബിഹാർ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നൽകുന്നത്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം.ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.ഇതെല്ലാം തള്ളിയാണ് ഡി.രാജയെ വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറിയാക്കിയത്.
കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു.
ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കഠിന പാതകൾ താണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്തേക്കു രാജ കടന്നുവന്നത്. വെല്ലൂർ ജില്ലയിലെ ചിത്താത്ത് ഗ്രാമത്തിൽ ദുരൈ സാമി – നായകം ദമ്പതികളുടെ മകനായാണു ജനനം. സിപിഐ ദേശീയ നിർവാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തട്ടകം ഡൽഹിയിലേക്കു മാറി. ടിവി ചർച്ചകളിലും പാർലമെന്റിലും ശ്രദ്ധേയ സാന്നിധ്യമായി. 2007ലും 2013ലും തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ. അപരാജിത ഏക മകളാണ്.
