കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾ പൊട്ടിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. മൂക്കിന് പരിക്കേറ്റ് ചികിത്സ തേടിയ ഷാഫിക്ക് ശസ്ത്രക്രിയയും അഞ്ചു ദിവസത്തെ വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ രാത്രി തെരുവിലിറങ്ങി. യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. കോഴിക്കോട്ടും തൃശൂരിലും തൊടുപുഴയിലും സംഘർഷമുണ്ടായി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. തലക്കും മൂക്കിനും പരിക്കേറ്റ ഷാഫി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
