പെരുമ്പാവൂർ: ഭരണഘടന ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ തങ്ങളുടെ അധികാര പരിധിയിൽ കൊണ്ടുവരുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ മഹല്ല് കൂട്ടായ്മ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി സമുദായ സ്നേഹികൾ ദൈവീക മാർഗ്ഗത്തിൽ സമർപ്പിച്ച വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കേണ്ടത് വിശ്വാസ സമൂഹത്തിന്റെ ബാധ്യതയാണ്.
ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ പെരുമ്പാവൂർ ഫ്ലോറ റെസിഡൻസിയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ. അമീർ സ്വാഗതം പറഞ്ഞു. വർക്കിങ് ചെയർമാൻ ഷരീഫ് പുത്തൻപുര, ട്രഷറർ സി.വൈ.മീരാൻ കണ്ടന്തറ, വൈസ് ചെയർമാൻമാരായ എം.എസ്.അലിയാർ പറക്കോട്, കെ.എ.അലിക്കുഞ്ഞ് വല്ലം, ചീഫ് കോർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ എം.എം.നാദിർഷ തോട്ടക്കാട്ടുകര, പി.എ. നാദിർഷ കൊടികുത്തുമല, അബ്ദുൽ ജമാൽ ഏലൂക്കര, അൻവർ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.