പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി. വിധിയില്‍ അപകാതകയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച 10 ഹർജികൾ കോടതി തള്ളി. ഓഗസ്റ്റ് ഒന്നിനാണ് സംവരണം സംബന്ധിച്ച സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഭൂരിപക്ഷ വിധിയിലൂടെ ഉപസംവരണം ആകാമെന്ന് വ്യക്തമാക്കിയത്. ഉപവർഗീകരണം സാധ്യമല്ലെന്നും പട്ടികജാതി ലിസ്റ്റ് തയാറാക്കേണ്ടത് ഭരണഘടനയുടെ 341–ാം വകുപ്പുപ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നുമുള്ള 2004 ലെ വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രധാന വിധി.
പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങളെ സംവരണപട്ടികയിലുൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയിരുന്നു. അത്യന്തം പിന്നാക്കാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഓർമ്മിപ്പിച്ചു.
ഉപവിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണമെന്ന് വിധി എഴുതിയ ആറുപേരിൽ നാലുപേർ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന യഥാർത്ഥ സമത്വം നേടാൻ കഴിയുകയുള്ളുവെന്ന് പട്ടികജാതിക്കാരനായ ജഡ്‌ജി ബി.ആർ. ഗവായ് നിരീക്ഷിച്ചു. വലിയ പ്രതിഷേധം ഉയർന്ന ജഡ്‌ജിമാരുടെ ഈ നിലപാടിനെയും പുനഃപരിശോധനാഹർജികളിൽ ചോദ്യംചെയ്‌തിരുന്നു. ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട ഇന്ദിരാ സാഹ്നി വിധിയെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ ഉപവിഭാഗങ്ങളുടെ വിഷയവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചത് പിശകാണെന്നും പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങളെ സംവരണപട്ടികയിലുൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കല്ല, രാഷ്ട്രപതിക്കും പാർലമെന്റിനുമാണ് അധികാരമെന്നും പുനഃപരിശോധനാഹർജിയിൽ പറഞ്ഞിരുന്നു.
പട്ടിക വിഭാഗങ്ങളിലെ മേൽതട്ടുകാരെ കണ്ടെത്താൻ സർക്കാർ നയം രൂപികരിക്കണമെന്ന ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ശുപാർശ കേന്ദ്ര സർക്കാർ പിന്നീട് തള്ളിയിരുന്നുവെങ്കിലും ഉപവർഗീകരണ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.