ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശിപാർശ സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിനുപിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് കമ്മീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം.
രാജ്യത്തെ മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്നും അവയ്ക്കുള്ള സർക്കാർ ഫണ്ടിംഗ് അവസാനിപ്പിക്കണമെന്നുമാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് ശുപാർശ നൽകിയത്. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നതാണ് കാരണം.