എടിഎമ്മിൽ നിറയ്ക്കാനുള്ള പണം ‘തട്ടിയെടുത്ത’ കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ കൂടെക്കൂട്ടുകയായിരുന്നു.
വടകരയ്ക്ക് സമീപമുള്ള വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ് ആയിരുന്നു താഹ. പെട്ടെന്ന് പണക്കാരനാകാനും കടം വീട്ടാനും ലക്ഷ്യമിട്ടാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. സുഹൃത്തായ സുഹൈലിന് എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലിയാണെന്ന് മനസിലാക്കിയ താഹ ആ വഴിയെ തന്റെ ല്ക്ഷ്യം കാണാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യ വൺ എടിഎമ്മുകളിലേക്ക് ഏജൻസി സുരക്ഷയില്ലാതെ പണം കൊണ്ടു വരുന്നത് മുതലെടുത്താണ് പ്രതികൾ കവർച്ച നടത്തിയത്. സുഹൈലിന്റെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സുഹൈലിനെ കാറിൽ കൈ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴിയെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം വ്യാജ പരാതിയാണെന്നു പൊലീസിന് വ്യക്തമായിരുന്നു. യുവാവിനെ സംഭവം നടന്ന അരിക്കുളത്ത് എത്തിച്ച് നടത്തിയ പരിശോധനയിൽ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. സ്കൂട്ടറിൽ ആണ് പതിവായി എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്നത് . സംഭവം നടന്ന ദിവസം കാർ ഉപയോഗിച്ചതും സംശയത്തിനിടയാക്കി. യുവാവിന്റെ മൊഴിയും സംഭവം നടന്ന സാഹചര്യവും തമ്മിലുള്ള വൈരുധ്യവും പൊലീസ് വിശദമായി അന്വേഷിച്ചു. സുഹൈലിനെ കണ്ടവരുടെ മൊഴിയിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണത്തിന് തുണയായി.