ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭിഷണിയുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി. എസിസി/ എസ്ടി സെല്‍ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യനെതിരെയാണ് എംഎല്‍എയുടെ ആരോപണം. താനോ കുടുംബാംഗങ്ങളോ ബാബ സിദ്ദിഖിയെ പോലെ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി രാജ്കുമാര്‍ പാണ്ഡ്യന്‍ മാത്രമായിരിക്കുമെന്ന് ജിഗ്നേഷ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ഗുജറാത്തിലെ ദളിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ രാജ്കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ജിഗ്നേഷ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഗുജറാത്ത് അസംബ്ലി സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു. കച്ച്, സുരേന്ദ്രനഗര്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ ദലിതര്‍ക്ക് അനുവദിച്ച ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാമാണ് പാണ്ഡ്യനെ കാണാന്‍ പോയതെന്നും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് പകരം അദ്ദേഹം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും മേവാനി പറഞ്ഞു. യോഗത്തിനായി ചേംബറില്‍ പ്രവേശിച്ച ഉടന്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്ത് വെക്കാന്‍ പാണ്ഡ്യന്‍ ആവശ്യപ്പെട്ടെന്നും അതിന്റെ നിയമ വശങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥന്‍ പ്രകോപിതനായെന്നുമാണ് ജിഗ്നേഷ് ആരോപിക്കുന്നത്.
2005 നവംബറില്‍ നടന്ന സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനാണ് രാജ്കുമാര്‍. അറസ്റ്റിലായ ഇയാളെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.