കൊച്ചി: യുവ ചലച്ചിത്ര സംവിധായിക അനു കുരിശിങ്കൽ സംഗീത സംവിധാന രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ്. അനു കുരിശിങ്കൽ രചനയും, സംഗീതവും നിർവ്വഹിച്ച ഗാനം തരംഗമാകുന്നു.
സുജാത മോഹൻ, സിത്താര കൃഷ്ണകുമാർ, അജയ് വാസുദേവ്, എൻ. എം. ബാദുഷ ശ്രീകാന്ത് മുരളി, ഡിജോ ജോസ് ആൻ്റണി, ബോബൻ സാമുവേൽ, ടിനി ടോം തുടങ്ങി നിരവധി താരങ്ങളുടെ ഫെസ്ബുക്ക് പേജിലൂടെയാണ് ഗാനത്തിൻ്റെ ഒഫീഷ്യൽ വീഡിയോ റിലീസ് ചെയ്യപ്പെട്ടത്.
‘കൺമുനകളിൽ കളമിടും കവിതയെന്നാളും
നിൻ മിഴികൾതൻ മധുകണം നുകരവേ…
എന്നുയിരിനെ തഴുകുമാ കുളിരിളംതെന്നൽ
വെന്മുകിലുപോൽ അലസമായ് പൊഴിയുമോ?’ എന്ന് തുടങ്ങുന്ന ‘ക്രൗര്യം’ എന്ന ചിത്രത്തിലെ ഗാനമാണ് സംഗീത പ്രേമികൾ ഏറ്റെടുത്തത്.
പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, ഏയ്ഞ്ചൽ മോഹൻ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആകാശത്തിനും ഭൂമിക്ക്മിടയിൽ,മേരെ പ്യാരെ ദേശ് വാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് ” ക്രൗര്യം “
വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“എൻ്റെ ഖൽബിലെ” എന്ന ഹിറ്റ് ഗാനത്തിൻ്റെ മ്യൂസിക് ഡയറക്റ്റർ അലക്സ് പോളിൻ്റെ ശിഷ്യയാണ് അനു.
വിധു പ്രതാപ് ആലപിച്ച ക്രൗര്യത്തിലെ ഈ മനോഹരമായ മെലഡി ഗാനവും ജനങ്ങളുടെ ഖൽബിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.
അസോസിയേറ്റ് ഡയറക്ടറായി ക്രൗര്യത്തിൽ ജോയിൻ ചെയ്ത ഈ കലാകാരി തന്നെയാണ് ക്രൗര്യത്തിലെ മനോഹര ഗാനതിന് വരികളും എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുറുക്കൻ സിനിമയുടെ സംവിധായകൻ ജയലാൽ ദിവാകരണാണ് അനുവിൻ്റെ ഈ ആദ്യഗാനം ലോഞ്ച് ചെയ്തത്.
2014ൽ അലക്സ് പോൾ ആരംഭിച്ച ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്നോളജി’ എന്ന സ്ഥാപനത്തിൽ മ്യൂസിക് ടെക്നോളജി കോഴ്സ് പഠിച്ച അനു ഗാനരചനയിലൂടെയാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. ബേർണി-ഇഗ്നേഷ്യസിലെ ബേർണിയുടെ മകൻ ടാൻസൺ നൽകിയ സംഗീതത്തിനും, ശേഷം സംഗീത സംവിധായകൻ മെജ്ജോ ജോസഫിൻ്റെ ഈണത്തിനും തമിഴ് വരികൾ എഴുതിയായിരുന്നു അനുവിൻ്റെ തുടക്കം. ആദ്യമായി എഴുതിയ തമിഴ് ഗാനം വായിച്ച് പ്രശസ്ത ഗാനരചയിതാവ് എസ്. രമേശൻ നായർ പറഞ്ഞ പ്രോത്സാഹനപരമായ വാക്കുകൾ ഇന്നും അനു മനസ്സിൽ പിടിക്കുന്നു.
ചെരാതുകൾ എന്ന ആന്തോളജി സിനിമയിൽ അനു സംവിധാനം ചെയ്ത ‘ദിവാ ‘എന്ന ചിത്രത്തിലെ മെജ്ജോ ജോസഫ് ഈണം നൽകിയ പ്രണയഗാനത്തിലും അനുവിൻ്റെ വരികളാണ്.
ചിന്നു ചാന്ദിനി, ആനന്ദ് മധുസൂദനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂരജ് ടോം സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘വിശേഷ’ത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അനുവിൻ്റെ കലാജീവിതം ഗാനരചന, സംവിധാനം, ഇംഗ്ലീഷ് സബ്ടൈറ്റ്ലിങ്ങ് എന്നിവയിൽ തുടങ്ങി ഇന്ന് സംഗീത സംവിധാനത്തിൽ വരേ എത്തിനിൽക്കുകയാണ്.
പി.ആർ.സുമേരൻ.