മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.
വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക. 16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന് മുതൽ പകൽ ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനസമയം.മണ്ഡലപൂജ ഡിസംബർ 26ന്. അന്ന് രാത്രി 11ന് നട അടയ്‌ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. മകരവിളക്ക് ജനുവരി 14ന്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്‌ക്കും.ദിവസം 80,000 പേർക്ക് ദർശനം നടത്താം. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴിയും 10,000 പേർക്ക് എൻട്രി പോയിന്റ് ബുക്കിങ് വഴിയുമാണ് പ്രവേശനം.
അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.