തമിഴ്നാട്ടിലെ കുറുവ മോഷണ സംഘം ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും എത്തിയതായി സംശയം . പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളിലെ രാത്രിദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്.
തമിഴ്നാടൻ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ സംഘമെന്നു പൊലീസ് പറയുന്നു; മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.
പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് കുറുവസംഘം എന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളിൽ ഇരുവരുടെയും ദൃശ്യം പതിഞ്ഞു. വീടുകളുടെ പിന്നാമ്പുറത്തുള്ള വാതിൽ പൊളിക്കാൻ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചാണ് തസ്കരസംഘത്തിന്റെ നീക്കം. പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ കടുത്തആശങ്കയിലാണ്.
അതേസമയം, പ്രദേശത്ത് എത്തിയത് കുറുവ സംഘമാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക മോഷണ സംഘങ്ങൾ കുറുവ വേഷം ധരിച്ച് എത്തിയതാണോ എന്നും സംശയമുണ്ട്. പ്രദേശത്ത് രാത്രികാല പരിശോധന അടക്കം കർശനമാക്കിയതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.