തിരുവനന്തപുരം: പട്ടികവിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമം നിർമ്മിക്കണമെന്നും, സംസഥാന സർക്കാർ നടപടികളിലേക്ക് കടക്കരുതെന്നും ദലിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറും , കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. ദലിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ സംഘടിപ്പിച്ച പ്രതിഷേ സാഗരം രാജ്ഭവന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളെ ഉപജാതി വിഭജനത്തിലൂടെയും , സാമ്പത്തിക തട്ടുകളാക്കി തിരിച്ചും സംവരണത്തെ അട്ടിമറിക്കാൻ ഇടവരുത്തുന്ന ഇപ്പോഴുണ്ടായിട്ടുള്ള നിർദേശങ്ങൾ ഈ വിഭാഗങ്ങളുടെ ഐക്യത്തിനും ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കും ഹാനികരമാണ്. ഭരണഘടനാ അനുഛേദം 341, 342 എന്നിവ അനുസരിച്ച് പട്ടികജാതി- വർഗ്ഗ പട്ടികയിലെ മാറ്റങ്ങൾക്ക് പാർലമെന്റിനാണ് അധികാരമുള്ളത്. വിധി നടപ്പിലാക്കേണ്ടതില്ലെന്ന കേന്ദ കാബിനറ്റു തീരുമാനം നിലവിലുണ്ടായിട്ടുള്ള ഭരണഘടനാ വിരുദ്ധമായ നടപടിയെ മറികടക്കാൻ പര്യാപ്തമല്ല.
ദശവാർഷിക ജനസംഖ്യാ വിവര ശേഖരണം ഇനിയും നടന്നിട്ടില്ലാത്ത രാജ്യത്ത് 2011ലെ കണക്കുകളെയാണ് സർക്കാരുകൾ ആശ്രയിക്കുന്നത്. ഇപ്പോൾ തന്നെ 1.5 ശതമാനം സംവരണ നഷ്ടം അനുഭവിക്കുന്നവിഭാവങ്ങൾക്കിടയിലെ ഉപവർഗീകരണ ശ്രമങ്ങൾ സംഘർത്തിനിടവരുത്തുന്നതാണ്. അധികാര വിഭവ പങ്കാളിത്തത്തിന്റെ യഥാർത്ഥ സ്ഥിതി വിവര കണക്കുകൾ ലഭ്യമാകണമെങ്കിൽ സാമുഹിക – സാമ്പത്തിക ജാതി സെൻസസ് നടത്തണം.
സർക്കാരുദ്യോഗവും സമ്പത്തും പട്ടിക വിഭാഗങ്ങൾക്ക് സാമൂഹ്യ പദവി നൽകുന്നില്ല. ഇതിനു കാരണം വിവേചനം നിലനിൽക്കുന്ന സമൂഹമായതുകൊണ്ടാണ്. അതിപിന്നോക്ക വിഭാഗങ്ങളായി കണ്ടെത്തിയ 36- സമുദായങ്ങൾക്ക് 10 ശതമാനം അധിക സംവരണം നൽകിയ ഹരിയാന സർക്കാരിന്റെ മാതൃക നമുക്ക് മുമ്പിലുണ്ട്.
കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നത സ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുകയും, സംസ്ഥാന സർക്കാർ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിയമനങ്ങളിൽ ഇളവുകൾ വരുത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത് .പട്ടിക വിഭാഗങ്ങൾ സഹവർത്തിത്വത്തിൽ കഴിയുന്ന കേരളത്തിൽ കലഹത്തിനിടവരുത്തുന്ന നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കരുത്. കോടതിവിധിയുമായി ബന്ധപ്പെട്ടുള്ള ആശങ്കയും അഭിപ്രായവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ആവശ്യമെങ്കിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലിത് ആദിവാസി സംയുക്ത സമിതി ചെയർമാനും , സി.എസ്.ഡി.എസ് പ്രസിഡന്റുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.അഖില കേരള ഹിന്ദു സാബവ മഹാസഭ ജനറൽ സെക്രട്ടറി എം.റ്റി.സനേഷ്, അഖില കേരള ചേരമർ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി ഡോ: കല്ലറ പ്രശാന്ത്, കേരള ചേരമർ സംഘം സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ , ,കേരള ഹിന്ദു സാബവ സമാജം ജനറൽ സെക്രട്ടറി അഡ്വ. കുഞ്ഞുമോൻ കെ. കണിയാടത്ത് , കേരള ഉള്ളാട മഹാജനസഭ ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട്, തണ്ടാർ ഐക്യ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് സുരേഷ്കുമാർ മണ്ണന്തല, കെ.പി.എം.എസ് പ്രസിഡന്റ് പി.എ.അജയഘോഷ്, പ്രതിഷേധ സാഗരം സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.എ. സനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.