റിയാദ് : ഖത്തറിന് ശേഷം വീണ്ടും അറേബ്യൻ മണ്ണിലേക്ക് കാൽപന്ത് മാമാങ്കം എത്തുന്നു. 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫയുടേതാണ് ഔദ്യോഗിക പ്രഖ്യാപനം. സൗദിയിലെ അഞ്ച് നഗരങ്ങളിലായി പതിനഞ്ച് സ്റ്റേഡിയങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക. റിയാദിലെ വേൾഡ് കപ്പ് ഒരുക്കങ്ങളുടെ പ്രദർശന വേദിയിൽ പ്രഖ്യാപനം ആരവങ്ങളോടെ ഏറ്റുവാങ്ങാൻ മന്ത്രിമാരെത്തിയിരുന്നു.
നേരത്തെ തന്നെ സൗദി ലോകകപ്പിന് വേദിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഫിഫുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നില്ല. സൂറിച്ചിൽ നടന്ന ഫിഫയുടെ പ്രത്യേക കോൺഗ്രസിൽ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോയാണ് പ്രഖ്യാപനം നടത്തിയത്.
ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ (419-500) ഉയർന്ന സ്‌കോർ സൗദിക്ക് നേരത്തെ ലഭിച്ചിരുന്നു. 15 മാസത്തിലേറെ നീണ്ടുനിന്ന നടപടി ക്രമങ്ങൾക്ക് ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോകകപ്പിന് മുന്നോടിയായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിച്ചതും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ സൗദി ക്ലബ് അൽ-നസറിനായാണ് റോണോ കളിക്കുന്നത്. നേരത്തെ യൂറോപ്പിലെ പ്രധാന ക്ലബുകളിൽ കളിച്ചിരുന്ന നെയ്മർ, കരിം ബെൻസിമ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ലീഗിലെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നത്.