ചെറായി മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്.
പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട കമ്മിഷൻ ഇത്തരത്തിൽ ഈ വിഷയത്തെ പരിഹരിക്കുന്ന വിധത്തിലുള്ള തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുനമ്പം പ്രശ്‌നത്തിൽ സാമുദായിക സൗഹാർദ്ദം ഉറപ്പ് വരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും മതിപ്പുളവാക്കുന്ന രീതിയിൽ ഇടപെടൽ നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യോഗം അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളുമായി അഭംഗുരം മുന്നോട്ട് പോകണമെന്നും യോഗം അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണെന്നും യോഗം വ്യക്തമാക്കി. നേരത്തെ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ മുസ്‌ലിംലീഗിനുള്ളത്. പ്രശ്‌ന പരിഹാരം വൈകുന്നത് വിദ്വേഷ പ്രചാരകർക്ക് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ അവസരം നൽകും. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആരാധനാലയ നിയമം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണമെന്നും ഇന്ത്യയിലെ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായും സംഭവിക്കുന്ന ന്യൂനപക്ഷ വേട്ടകൾ അവസാനിപ്പിക്കണമെന്നും യോഗം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.