തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറാനുള്ള തീരുമാനം ധൈര്യമായെടുക്കേണ്ടതാണെന്നും അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശത്തിനോ അനുവാദത്തിനോ വിട്ടുനൽകരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠാ വിപ്ലവം നടത്തിയിട്ട് കാലമിത്ര കഴിഞ്ഞിട്ടും സമൂഹത്തിന്റെ മാനസിക ദൗർബല്യം മാറിയിട്ടില്ല. അന്ന് പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ല. ക്ഷേത്രത്തിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും പൂജാരിമാരാകാമെന്ന് പിണറായി സർക്കാർ തീരുമാനിച്ചതും തന്ത്രിമാരുടെ നിർദേശപ്രകാരമല്ല. ശാസ്ത്ര യുഗത്തിൽ ജീവിക്കുന്നവരെന്ന നിലയിൽ അപരിഷ്കൃത ചിന്തകളെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രീനാരായണീയ സമൂഹത്തിന് കഴിയണം. കരിയും കരിമരുന്നും ക്ഷേത്രങ്ങളിൽ വേണ്ടെന്ന് നൂറുവർഷം മുമ്പ് ഗുരു പറഞ്ഞതാണ്.
ഇന്ന് കോടതിയും അത് ആവർത്തിക്കുന്നു–-സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സ്വാമി ശിവനാരായണ തീർഥ, വി എസ് രാജേഷ്, പി കെ കൃഷ്ണദാസ്, വി എസ് ബിനു തുടങ്ങിയവരും സംസാരിച്ചു.
