ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946 ൽ സ്ഥാപിച്ച കമ്പനിക്ക് വിവരിക്കാൻ മഹത്വത്തിന്റെ കഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1940 കളിൽ കൃതൃമ പട്ടുനൂൽ ഇറക്കുമതി ചെയ്യുന്ന കാലഘട്ടമായിരുന്നു അത് പ്രാദേശികമായി പട്ട്നൂൽ ഉല്പാദിപ്പിക്കുന്നതിനും ആശയം ഉയർന്ന് വരുകയും ആ കാലഘട്ടം വരെ ബാങ്കിങ് മേഖലയിൽ ബിസിനസ് നടത്തി വന്ന ചെട്ടിയാർ കുടുംബത്തെ അന്നത്തെ ദിവാൻ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചുവരുത്തുകയുമായിരുന്നു. അങ്ങനയാണ് ഇന്ത്യയിലെ തന്നെ ആദ്യ റയോൺ ഫാക്ടറി പെരുബാവൂരിൽ സ്ഥാപിതമാവുന്നത്
1945 ജൂലൈ 19 നാണ് ട്രാവൻകൂർ റയോൺസ് ലിമിറ്റഡ് റജിസ്റ്റർ ചെയ്യുന്നത്. തൊഴിൽ ഇല്ലായ്മ അതിരൂക്ഷമായ പെരുബാവൂരിലെ ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക് ട്രാവൻകൂർ റയോൺസ് എന്ന പേരിൽ തുടങ്ങിയ ആ കമ്പനി വളരെ വലിയ ആശ്വാസമായിരുന്നു. അറുപതുകളുടെ തുടക്കം ആയപ്പോളെക്കും പ്രദേശത്തിൻ്റെ മുഖമുദ്ര തന്നെ മാറ്റി മറിക്കുന്ന രീതിയിൽ കമ്പനി വളർച്ചയും അനുബന്ധ വികസനവും വന്നു ചേർന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കമ്പനിയിൽ ജോലിനേടി പെരുമ്പാവൂരിലേക്ക് ചേക്കേറി. പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളികളുടെ ചരിത്രം തുടങ്ങുന്നത് ഒരുപക്ഷേ റയോൺസിൽ നിന്നായിരിക്കും.
സ്വിസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിന്തറ്റിക് റയോൺ , സെലോഫെയ്ൻ പേപ്പർ എന്നിവയായിരുന്നു റയോൺസ് പ്രധാനമായി ഉല്പാദിപ്പിച്ചിരുന്നത് ഇതിന്റെ പ്രൊഡക്ഷന് വേണ്ടി കബനിയിൽ നിർമിച്ചിരുന്ന സൾഫ്യൂരിക്ക് ആസിഡ് കൂടി കച്ചവട അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാൻ തുടങ്ങിയതോടെ എഴുപതുകളിൽ കമ്പനി വലിയ ലാഭത്തിലായി.
നിലവിലെ ജോലിക്കാർക്ക് ശമ്പളം ഇരട്ടിയാക്കുകയും ധാരാളം പുതിയ തൊഴിലാളികളെ എടുക്കുകയും അങ്ങനെ 3500 ഓളം പേര് ജോലി ചെയ്യുന്ന സ്ഥാപനമായി റയോൺസ് മാറി. സർക്കാർ ജീവനക്കാരെക്കാൾ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരായി റയോൺസിലെ ജീവനാക്കാർ മാറി. 80 കളിൽ നഗരത്തിലെ കോളേജ് വിദ്യാർഥികളും മറ്റ് തൊഴിലാളികളും ബസുകൾ കാത്തുനിൽക്കുമ്പോൾ ട്രാവൻകൂർ റയോൺസിന്റെ 9 ഓളം സ്റ്റാഫ് ഒൺലി ലൈലന്റ് ബസുകൾ റയോൺസ് ജീവനക്കാരുമായി നഗരവീഥകളിൽ നീങ്ങുന്നത് അസൂയയോടെ നോക്കിനിന്നവരാണ് അന്നത്തെ തലമുറ.
20 കൊല്ലമായി അടച്ചുപൂട്ടിക്കിടക്കുകയാണെങ്കിലും ‘ട്രാവൻകൂർ റയോൺസ്’ എന്നു കേൾക്കുമ്പോൾ ഓരോ പെരുബാവുകാരുടെയും മനസ്സ് ഉണരും. അരനൂറ്റാണ്ടുകാലം പെരുമ്പാവൂരിന്റെ വികസനസ്വപ്നങ്ങളുടെ ചിറകായിരുന്ന സ്ഥാപനം അത്രമേൽ ജനങ്ങളിൽ സ്വാധീനമുണ്ടാക്കിയിരുന്നു.