എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ സിനിമയിലെ വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. സിനിമയെ ചൊല്ലി വിവാദമുണ്ടാക്കുന്നത് സിനിമ കാണാത്തവരാണ്, ഗോധ്രയെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സിനിമയ്‌ക്കെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡിന് നിയമത്തിന് കീഴില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്ന് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.
എമ്പുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അത് നാല് സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയ പതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കി എന്നാണ് മഹേഷ് പറയുന്നത്.
എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവന്നിരുന്നു. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
