സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിത കഥപറയുന്ന ആനന്ദ് മഹാദേവന്‍ ചിത്രം ‘ഫൂലെ’യുടെ റിലീസ് നീട്ടി. വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം രണ്ടാഴ്ച വൈകിയേ തീയേറ്ററുകളില്‍ എത്തുകയുള്ളൂ. മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ്‍ സമുദായ സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് റിലീസ് നീട്ടിയത്.
പ്രതീക് ഗാന്ധി, പത്രലേഖ എന്നിവല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ഫൂലെ’. ജ്യോതിറാവു ഫുലേയുടേയും സാവിത്രി ഭായ് ഫുലേയുടേയും ജാതി- ലിംഗ അനീതികള്‍ക്കെതിരായ പോരാട്ടം പ്രമേയമാവുന്നതാണ് ചിത്രം. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള ബ്രാഹ്‌മണ സമുദായസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ചിത്രത്തിന് 12-ഓളം മാറ്റങ്ങള്‍ റിലീസിന് മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. ജാതി വ്യവസ്ഥ സംബന്ധിച്ച വോയ്‌സ് ഓവര്‍ അടക്കം നീക്കാനായിരുന്നു ആവശ്യപ്പെട്ടത്. ‘മനു ജാതി വ്യവസ്ഥ’ ഉള്‍പ്പെടെ ഏതാനും പരാമര്‍ശങ്ങള്‍ നീക്കി. ചില സംഭഷണങ്ങളും മാറ്റാന്‍ സിബിഎഫ്‌സി നിര്‍ദേശിച്ചു.
ചിത്രത്തിനെതിരെ സംവിധായകന്‍ ആനന്ദ് മഹാദേവന് നിരവധിപ്പേരില്‍നിന്ന് കത്തുകള്‍ ലഭിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ചിലരില്‍ തെറ്റിദ്ധാരണയുണ്ടെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സിനിമയ്ക്ക് പ്രത്യേക അജന്‍ഡയില്ലെന്നും വസ്തുതകള്‍ മാത്രമാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഖില്‍ ഭാരതീയ ബ്രാഹ്‌മിണ്‍ സമാജ്, പരശുരാം ആര്‍ഥിക് വികാസ് മഹാമണ്ഡല്‍ എന്നീ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്
