മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് 325 കോടിയുടെ ടോട്ടൽ ബിസിനസ് നേട്ടം. നടൻ മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററുകളും പങ്കുവച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കൊണ്ട് 200 കോടി ക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണ് എമ്പുരാൻ.
തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്തത്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്തപ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിച്ചത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
2019ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ളിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
