മലപ്പുറം: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്കി. വേടന് ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നും അനുരാജിന്റെ പരാതിയില്‍ പറയുന്നു.
‘കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്. എന്നിരിക്കെ, ഇയാളുടെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുറപ്പാണ്. അത്യന്തം ഖേദകരമായ തീരുമാനം പിന്‍വലിക്കണമെന്നും ഇയാളുടെ രചനകള്‍ക്കു പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ പാഠഭാഗമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു’, പരാതിയില്‍ പറയുന്നു.
വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയമാക്കിയിരുന്നു.അമേരിക്കൻ റാപ് സംഗീതവും മലയാളം റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം എന്ന നിലക്കാണ് വേടന്റെ പാട്ട് സിലബസിൽ ഇടംപിടിച്ചത്.മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം ആണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയത്.കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് മൈനർ ഓപ്ഷനാക്കി പരിഗണിച്ചത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
