കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ലേബര്‍ കോടതി.
സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട് 164 തൊഴിലാളികളേയും ഉടന്‍ തിരിച്ചെടുക്കണമെന്ന് കോടതി മുത്തൂറ്റ് ഫിനാന്‍സിനോട് ഉത്തരവിട്ടു. തൊഴിലാളികളെ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 43 ശാഖ ഒറ്റയടിക്ക് പൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് എറണാകുളം ലേബർ കോടതി കണ്ടെത്തി. ആനുകൂല്യം നാലുമാസത്തിനകം നൽകണം. വീഴ്‌ചവരുത്തിയാൽ ആറുശതമാനം പലിശ ഈടാക്കും. തൊഴിലാളികൾക്ക് കോടതിച്ചെലവും നൽകണം. ആറുവർഷം നീണ്ട പ്രക്ഷോഭമാണ് കോടതി വിധിയോടെ വിജയംകണ്ടത്.
2016ൽ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) രൂപീകരിച്ചതോടെയാണ് മാനേജ്‌മെന്റ് പ്രതികാരനടപടി തുടങ്ങിയത്. നേതാക്കളെ അന്യായമായി സ്ഥലംമാറ്റി. ആനുകൂല്യങ്ങൾ തടഞ്ഞു. 2019 ആഗസ്‌തിൽ സമരം തുടങ്ങി. 56 ദിവസം നീണ്ട സമരം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ഒത്തുതീർന്നെങ്കിലും പ്രതികാരനടപടി പാടില്ലെന്ന വ്യവസ്ഥ മാനേജ്‌മെന്റ് ലംഘിച്ചു. അസോസിയേഷൻ ഭാരവാഹികൾ ജോലി ചെയ്‌തിരുന്നതടക്കം 43 ശാഖ ഡിസംബർ ഏഴിന് പൂട്ടി. അന്നാരംഭിച്ച പ്രക്ഷോഭം കോവിഡ് വ്യാപനംവരെ 83 ദിവസം തുടർന്നു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നൽകിയ കേസ് ഒത്തുതീർപ്പിനായി ഹൈക്കോടതി ലേബർ കോടതിക്ക് വിട്ടു. അതിലാണ് ഇപ്പോൾ വിധിയായത്. സ്വയം പിരിഞ്ഞുപോയവർ ഒഴികെയുള്ളവരെയെല്ലാം തിരിച്ചെടുക്കാനാണ് വിധി.
അസോസിയേഷനുവേണ്ടി അഡ്വ. എസ് കൃഷ്‌ണമൂർത്തി, അഡ്വ. വി കൃഷ്‌ണൻകുട്ടി, അഡ്വ. ബി ബാലഗോപാലൻ, അഡ്വ. കെ വി പ്രഭാകരൻമാരാർ, അഡ്വ. ശ്രീദേവി രാധാകൃഷ്‌ണൻ എന്നിവർ ഹാജരായി.