കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ പാകിസ്ഥാൻ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്‌പോർട്‌സ് 2, സ്‌പോർട്‌സ് 18 1, സ്‌പോർട്‌സ് 18 1 HD, സ്‌പോർട്‌സ് 18 2, സ്‌പോർട്‌സ് 18 2 HD എന്നീ ചാനലുകളിലാണ് ലൈവ് ടെലികാസ്റ്റിങ് ഉണ്ടാവുക. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ കഴിയും
നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായ പാകിസ്ഥാന് വെറുമൊരു ടൂർണമെന്‍റല്ല ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി. നീണ്ട ഇരുപത്തിയൊൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം പാകിസ്ഥാൻ വേദിയാവുന്ന ആദ്യ പ്രധാന ഐ സി സി ക്രിക്കറ്റ് ടൂർണമെന്‍റ് കൂടിയാണിത്. അതുകൊണ്ടുതന്നെ പാകിസ്ഥാന് മത്സരത്തിൽ മാത്രമല്ല സംഘാടനത്തിലും തിളങ്ങേണ്ടത് അനിവാര്യമാണ്. ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ന്യൂസിലൻഡിനെതിരെ ജയിച്ച് തുടങ്ങേണ്ടത് നിലവിലെ ചാമ്പ്യൻമാർക്ക് അഭിമാനപ്രശ്നം കൂടിയാണ്.
പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ എട്ട് ടീമുകൾ പങ്കെടുക്കും
ഫെബ്രുവരി 20 ന് ദുബായിൽ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. രാഷ്ട്രീയമായി അകന്നിരിക്കുന്ന എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും ഐസിസി ടൂർണമെന്റുകൾക്കായി പരസ്പരം സന്ദർശിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ കളിക്കും: ദുബായിൽ.
