ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്‍റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ ബി.ജെ.പി വേദനിപ്പിച്ചെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു. അംബേദ്കറുടെ ചിത്രം നീക്കി പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ സ്ഥാപിച്ചത് ശരിയായില്ലെന്നും കെജ്രിവാൾ പറഞ്ഞു.
നേരത്തെ ഡൽഹി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി, ബി.ജെ.പിക്ക് ദലിത് വിരുദ്ധതയും സിഖ് വിരുദ്ധതയുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. “ബി.ജെ.പി അവരുടെ യഥാർഥ ദലിത് വിരുദ്ധ, സിഖ് വിരുദ്ധ മുഖം കാണിച്ചിരിക്കുന്നു. ബാബസാഹിബ് അംബേദ്കർ, ഷഹീദ് ആസാം ഭഗത് സിങ് എന്നിവരുടെ ചിത്രം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നീക്കിയിരിക്കുന്നു” – മുമ്പത്തേയും ഇപ്പോഴത്തേയും ചിത്രങ്ങൾ സഹിതം അതിഷി എക്സിൽ കുറിച്ചു. പഴയ ചിത്രത്തിൽ അംബേദ്കറുള്ളപ്പോൾ, പുതിയതിൽ രാഷ്ട്രപതി ദ്രൗപതി മുർമു, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, പ്രധാനമന്ത്രി മോദി എന്നിവരാണുള്ളത്.
അതെ സമയം എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുവരിൽ അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ തൂക്കിയിട്ട വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. നേരത്തേയുണ്ടായിരുന്ന ഭാഗത്ത്നിന്ന് ഇവരുടെ ഫോട്ടോകൾ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ആ സ്ഥാനത്തിപ്പോൾ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണുള്ളത്.
എ.എ.പി ഒരടിസ്ഥാനവുമില്ലാതെ വെറുതെ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ആർ.പി.സിങ് ആരോപിച്ചു
