കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചു കൊണ്ടു കൊച്ചേട്ടൻ എന്ന കെ.കെ. കൊച്ച് വിടവാങ്ങിയിരിക്കുന്നു. അതിസാഹസികത നിറഞ്ഞ അതിജീവന സപര്യയിലൂടെ കേരളീയ സമൂഹത്തിൽ ഇടം നേടിയ കൊച്ചേട്ടൻ്റെ ജീവിതം പാർശ്വവത്ക്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും മുന്നേറ്റങ്ങളുടെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും ചരിത്രത്തെയാണ് അടിയാളപ്പെടുത്തുന്നത്.
മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം കേരളത്തിൻ്റെ സാമൂഹിക രാഷ്ടീയ സാംസ്കാരിക മണ്ഡലങ്ങളിൽ ചിന്തകനായും എഴുത്തുകാരനായും രാഷ്ടീയ പ്രവർത്തകനായും പത്രാധിപരായും പ്രസാധകനായും പ്രഭാഷകനായും നിറഞ്ഞു നിന്ന കൊച്ചേട്ടൻ അടിസ്ഥാന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് ധൈഷണിക ദിശാബോധം നൽകി കേരളീയ സമൂഹത്തെ പുതുക്കിപ്പണിയുന്നതിന് നൽകിയ സംഭവാനകൾ അവിസ്മരണീയമാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പക്ഷത്തുനിന്നു കൊണ്ടു കേരളത്തിൻ്റെ സാമൂഹിക, രാഷ്ടീയ ചലനങ്ങളെ അതിസൂക്ഷ വിശകലനം നടത്തിയ അദ്ദേഹം എക്കാലവും മർദ്ദിതരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും നാവായി നിലകൊണ്ട് ,ദലിത് മുന്നേറ്റങ്ങളുടെ ചരിത്രപരതയെ അടയാളപ്പെടുത്തിയ ചിന്തകനാണ്. കേരള ചരിത്രവും സമൂഹ രൂപീകരണവും എന്ന ഗ്രന്ഥത്തിലൂടെ കേരളത്തിൻ്റെ ചരിത്രരചനാ അന്വേഷണങ്ങളെ അദ്ദേഹം കടപുഴകിയെറിഞ്ഞു. 1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിൽ കഴുത്തൂട്ടിൽ കുഞ്ഞൻ്റെയും കുഞ്ഞുപ്പെണ്ണിൻ്റെയും മകനായി പിറന്ന കെ.കെ കൊച്ച് വിദ്യാഭ്യാസത്തോടൊപ്പമാണ് രാഷ്ടീ പ്രവർത്തനത്തിലും എഴുത്തിലും സജീവമായി ഇടപെടാൻ ആരംഭിക്കുന്നത്. ഇടുപക്ഷ യുവജന സംഘടനകളിലൂടെ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ദലിത് രാഷ്ട്രീയത്തിൻ്റെ മുഖമായി മാറുകയും ദലിത് പക്ഷ നിലപാടുകൾക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
അംബേദ്ക്കറൈറ്റ് ചിന്താധാരക്ക് ശക്തി പകർന്ന അദ്ദേഹം കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണവും കേരള മോഡൽ വികസനവും ദലിത് ആദിവാസി വിഭാഗങ്ങൾക്ക് ഗുണം ചെയ്തില്ല എന്ന് പറഞ്ഞ ചിന്തകനായിരുന്നു. ദലിത് സ്വത്വ ബോധത്തെയും സമുദായ ശാക്തീകരണ വാദത്തെയും മുറുകെ പിടിച്ചിരുന്ന അദ്ദേഹം ദലിത്- ബഹുജൻ വിശാല ഐക്യത്തിനു വേണ്ടിയും നിലകൊണ്ടു. 1977 -ൽ കെ എസ് ആർ ടി ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2001- ൽ ജോലിയിൽ നിന്നും വിരമിച്ചു. . സർക്കാർ ഉദ്യോഗം ഒരിക്കലും സാമൂഹ്യ ,രാഷ്ടീയ പ്രവർത്തനങ്ങൾക്ക് തടസ്സമാവില്ലെന്ന് സാക്ഷ്യപ്പെടുത്തിയ രാഷ്ടീയ പ്രവർത്തകൻ കൂടിയായിരുന്നു കെ.കെ. കൊച്ച് .സീസിയൻ ,ഇന്ത്യൻ ഡെമോക്രാറ്റ് ,സൂചകം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന അദ്ദേഹം പതിനാലോളം എണ്ണപ്പെട്ട പുസ്തകങ്ങളും എഴുതി .കലാപവും സംസ്കരവും ,ദേശീയതക്കൊരു ചരിത്ര പംനം ,ബുദ്ധനിലേയ്ക്കുളള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം ,കേരള ചരിത്രവും സാമൂഹ്യ രൂപീകരണവും തുടങ്ങിയവയാണ് പ്രധാന കൃതികൾ .ഒരു വ്യക്തി എന്നതിനപ്പുറം ദലിത് ജനജീവിതത്തിൻ്റെ അതിജീവന ചരിത്രം രേഖപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ ആത്മകഥ ദലിതൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കും അംഗീകാരങ്ങൾക്കും അർഹനായിട്ടുള്ള കൊച്ചേട്ടൻ കേരളത്തിൻ്റെ ധൈഷണിക ജീവിതത്തിൽ എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
