ന്യൂഡൽഹി∙ പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.
അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
