കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നിർബന്ധമാക്കുന്നു. ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിംഗ്. നേരത്തെ മുതൽ നടപ്പിലാക്കിയിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്. ഇതോടെയാണ് മസ്റ്ററിംഗ് നിർബന്ധമാക്കി കൊണ്ട് കേന്ദ്ര സർക്കാർ നടപടി കടുപ്പിക്കുന്നത്. മാസ്റ്ററിംഗ് ചെയ്യേണ്ട അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതിനുശേഷം മസ്റ്ററിങ് നടത്താത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാതെ വരും.
എന്താണ് ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ്?
ഉപഭോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് മസ്റ്ററിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താവിലേക്ക് തന്നെ കൃത്യമായി എത്താനും ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഉപഭോക്താവ് ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി ഏജൻസിയിൽ നേരിട്ടെത്തേണ്ടതുണ്ട്. വിതരണ കമ്പനികളുടെ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. കമ്പനികളുടെ ആപ്പും ആധാർ മുഖം തിരിച്ചറിയൽ ആപ്പും ഡൗൺലോഡ് ചെയ്യണം. വിജയകരമായി നടപടികൾ പൂർത്തിയാക്കിയാൽ നിങ്ങൾ ഗ്യാസ് കണക്ഷനുമായി ബന്ധപ്പിച്ച മൊബൈലിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം വരും.
അതെ സമയം രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില 1655 രൂപയാകും. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.