സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവനേതാവിനെ അമരക്കാരനാക്കിയത് ശ്രദ്ധേയമായി. എൻ. അരുണിനെ സെക്രട്ടറിയാക്കിയത് ഐകകണ്‌ഠ്യേനയാണ്. നിലവിലെ സെക്രട്ടറി കെ.എൻ. ദിനകരന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. പകരം അരുണിന്റെ പേരിനായിരുന്നു മുൻതൂക്കം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ചലച്ചിത്ര അക്കാഡമി അംഗവുമാണ് 41കാരനായ അരുൺ.
തൃക്കളത്തൂർ പുതുശേരിയിൽ കെ. നീലകണ്ഠൻ നായർ, സുശീല ദമ്പതികളുടെ മകനാണ് അരുൺ. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1999ൽ എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി. പിന്നീട് ജില്ലാ സെക്രട്ടറി, എം.ജി. യൂണിവേഴ്‌സിറ്റി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 മുതൽ 2021 വരെ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയായിരുന്നു. കേരള ലാ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബിയും ഇഗ്നോയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അദ്ധ്യാപികയായ ശാരിയാണ് ഭാര്യ.
സമ്മേളന കാലയളവിൽ ജില്ലയിൽ ഉയർന്ന വിഭാഗീയതയിൽ ആടിയുലയാതെ പാനലിനെ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. 13 പേർ ജില്ലാ കൗൺസിലിൽ പുതുമുഖങ്ങളാണ്. ഏഴ് പേർ വനിതകളാണ്.
