കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്കായി ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപവത്കരിക്കുന്നു. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്കു പുറമേ പാർട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തിൽ, ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപവത്കരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവനാണ് ചുമതല.
ബംഗാൾ, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി പ്രധാന കക്ഷിയായി വളർന്ന സാഹചര്യത്തിലാണ് അവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അതത് സംസ്ഥാനങ്ങളിലെ പാർട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ള പാർട്ടിപ്രവർത്തകരുടെ പട്ടിക തയ്യാറാക്കും.
ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20 സെല്ലുകൾ ബിജെപിക്ക് ഇപ്പോഴുണ്ട്. മറുനാടൻ തൊഴിലാളികൾക്കും പെൻഷൻകാർക്കുമാണ് പുതിയ സെൽ വരുന്നത്. ജില്ലാ ഘടകങ്ങൾവരെ മാത്രമുള്ള ഈ സെല്ലുകൾക്ക് താഴേത്തട്ടിൽവരെ ഘടകങ്ങൾ രൂപവത്കരിക്കാനും ബിജെപി സംസ്ഥാന കോർ കമ്മിറ്റി തീരുമാനിച്ചു. പരസ്യമായി രാഷ്ട്രീയമില്ലാത്ത പ്രമുഖരെ പാർട്ടിനേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായി സെല്ലുകളെ മാറ്റുകയാണ് ലക്ഷ്യം.
പഞ്ചായത്ത്തലംമുതൽ സംസ്ഥാനതലംവരെ പാർട്ടിച്ചുമതല വഹിച്ചിരുന്ന 500-ഓളം മുൻ നേതാക്കൾക്ക് ഭാരവാഹിത്വം നൽകാനും ഇതുവഴി സാധിക്കും.
